International
ടെഹ്റാൻ: ഇസ്രയേലും അമേരിക്കയുമായുള്ള സംഘർഷം കടുക്കുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ടെഹ്റാൻ തെരുവുകളിൽ. ഇസ്ലാമിക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന രാത്രികാല ചടങ്ങിലാണ് അദ്ദേഹം അപ്രതീക്ഷിതമായി തെരുവുകളിലെത്തിയത്.
"ജനങ്ങളുടെ ആവേശത്തിൽ നിന്ന് ശക്തി ഉൾക്കൊള്ളാനാണ് ഞാൻ വന്നത്," എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഐക്യവും ഒത്തൊരുമയും തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ഈ സന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഇറാനിലെ ഭരണനേതൃത്വത്തെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അരാഗ്ചിയുടെ ഈ പരസ്യമായ ഇടപെടൽ വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
ഇറാൻ സർക്കാർ ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുവെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇതിന് മുൻപ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ടെഹ്റാൻ തെരുവുകളിൽ ജനങ്ങളെ സന്ദർശിച്ചിരുന്നു.
International
വാഷിംഗ്ടൺ: ഇറാന്റെ ഭരണസംവിധാനം തകർന്നുവെന്നും രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമേനിയും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അതിനാലാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടു.
സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനിക നീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ആരോഗ്യ പ്രവർത്തകരെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) കുവൈറ്റിലെത്തിച്ചു.
ആർഇജി ലേണിംഗ് സെന്റർ, ജസീറ എയർവേസ് എന്നിവയുമായി സഹകരിച്ചാണ് നാട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കുവൈറ്റിലെത്തിച്ചത്.
നഴ്സുമാർ ഉൾപ്പെടെ അൻപതിലധികം ആളുകളടങ്ങുന്ന ആദ്യ ബാച്ച് യാത്രക്കാർ കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലെ ഖൈസുമ എയർപോർട്ട് വഴിയാണ് കുവൈത്തിലെത്തിയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മതിയായ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് രാജ്യം ഊർജ മേഖലയിൽ സ്വയംപര്യാപ്തതം ആകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നേരത്തെ തന്നെ കരുതലായി വലിയ തോതിൽ ക്രൂഡ് ഓയിൽ ശേഖരിച്ചിട്ടുണ്ട്. അതിനാൽ ഉടനടി ഒരു പ്രതിസന്ധി രാജ്യത്തുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എഥനോൾ മിശ്രിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് വഴി ഇന്ത്യയെ ഊർജ സ്വതന്ത്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുദ്ധം മൂലം ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികൾ നേരിടുമ്പോൾ ഭാരതം കരുതലോടെയാണ് മുന്നോട്ട് പോകുന്നതെന്നും, വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Business
ടോക്കിയോ: അമേരിക്ക-ഇസ്രയേൽ-ഇറാൻ പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ ഇന്നു രാവിലെ ഏഷ്യൻ ഓഹരി വിപണികളിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. യുദ്ധം നാലാം വാരത്തിലേക്കു കടക്കുമ്പോൾ ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്.
ജപ്പാനിലെ നികൈ സൂചിക വ്യാപാരത്തിന്റെ തുടക്കത്തിൽതന്നെ 4.8 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി സൂചികയിലും 5.5 ശതമാനത്തിലധികം ഇടിവുണ്ടായി. യുദ്ധം നീണ്ടുനിൽക്കുന്നത് നിക്ഷേപകരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്ന സാഹചര്യത്തിൽ, ഡീസൽ, ദ്രാവക പ്രകൃതിവാതകം എന്നിവയുടെ തടസമില്ലാത്ത വ്യാപാരം ഉറപ്പാക്കാൻ ഓസ്ട്രേലിയയും സിംഗപുരും ധാരണയായി. ഇരു രാജ്യങ്ങളിലെയും നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഊർജ വിതരണം വർധിപ്പിക്കാനും അനാവശ്യമായ ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യാപാര മേഖല സുതാര്യമാക്കുന്നതിനും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. പുതുക്കാവുന്ന ഊർജസ്രോതസുകളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും പ്രസ്താവന ആഹ്വാനം ചെയ്യുന്നു.
Leader Page
യുദ്ധം എന്നത് ഇന്നു വെറുമൊരു വിദൂരദൃശ്യമല്ല; അതൊരു അനുഭവമാണ്. ദൂരെയെവിടെയോ വെടിയൊച്ചകൾ മുഴങ്ങുമ്പോൾ അത് നമ്മുടെ നാട്ടിലെ നിശബ്ദമായ അടുക്കളകളെപ്പോലും അസ്വസ്ഥമാക്കുന്നുണ്ട്. മാർച്ചിലെ ഈ പുലരികളിൽ ലോകം ഒരു പുതിയ ചരിത്രസന്ധിയിലാണ്.
പശ്ചിമേഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും ആകാശങ്ങൾ ചുവക്കുമ്പോൾ, അതിന്റെ കനൽ വീഴുന്നത് ഓരോ സാധാരണക്കാരന്റെയും സ്വപ്നങ്ങളിലേക്കാണ്. ജറൂസലെമിലെ സൈറണുകൾക്കിടയിൽനിന്ന് ഈ ലേഖനം എഴുതുമ്പോൾ, ആയുധങ്ങളുടെ കണക്കുപുസ്തകങ്ങൾക്കപ്പുറം യുദ്ധം മനുഷ്യജീവിതത്തിൽ ഏൽപ്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെക്കുറിച്ചാണ് നമുക്ക് സംസാരിക്കാനുള്ളത്.
ഭൂപടങ്ങളിൽ വരച്ചുചേർത്ത അതിരുകൾക്കപ്പുറത്ത്, വിശപ്പിന്റെയും അതിജീവനത്തിന്റെയും പുതിയൊരു യുദ്ധമുഖം ഓരോ സാധാരണക്കാരന്റെയും വീട്ടുമുറ്റത്ത് തുറക്കപ്പെട്ടിരിക്കുന്നു. ലോകം ഇന്നു തീപിടിച്ച ഒരു ആഗോള ഭൂപടമാണ്. പശ്ചിമേഷ്യയിലും കിഴക്കൻ യൂറോപ്പിലും ആളിപ്പടരുന്ന സംഘർഷങ്ങൾ ആഗോളക്രമത്തെ പാടെ മാറ്റിമറിച്ചിരിക്കുന്നു. അതിർത്തികളിലെ വെടിയൊച്ചകൾക്കപ്പുറം, ഈ യുദ്ധം ഓരോ സാധാരണക്കാരന്റെയും അടുക്കളയിലും സ്വീകരണമുറിയിലും ഏൽപ്പിക്കുന്ന ആഘാതങ്ങൾ സമാനതകളില്ലാത്തതാണ്.
അദൃശ്യമായ മുറിവുകൾ, ഭക്ഷ്യസുരക്ഷ
യുദ്ധം കേവലം മിസൈലുകളെയല്ല, മറിച്ച് ലോകത്തിന്റെ സാമ്പത്തിക നട്ടെല്ലിനെയാണ് തകർക്കുന്നത്. ഇന്ധനവില ബാരലിന് 110 ഡോളർ കടന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പം നിയന്ത്രണാതീതമായി. യുദ്ധം അതിർത്തികളിലല്ല, മറിച്ച് ലോകത്തിന്റെ തീൻപാത്രങ്ങളിലാണ് യഥാർഥ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ‘ലോകത്തിന്റെ ഭക്ഷണക്കൂട’ എന്നറിയപ്പെടുന്ന യുക്രെയ്ൻ-റഷ്യ മേഖലയും, ഊർജ-വള ഉത്പാദന കേന്ദ്രമായ പശ്ചിമേഷ്യയും ഒരുപോലെ സംഘർഷത്തിലായതാണ് ഈ തകർച്ചയ്ക്ക് കാരണം.
ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം, 2026 പകുതിയോടെ ആഗോളതലത്തിൽ 36.5 കോടിയിലധികം ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. ഇത് 2024നെ അപേക്ഷിച്ച് 15% കൂടുതലാണ്. ഇതു സംബന്ധിച്ച മറ്റു പ്രധാന കണക്കുകൾ താഴെ പറയുന്നു:
ഗോതമ്പ് വിതരണം: ലോകത്തെ ഗോതമ്പ് കയറ്റുമതിയുടെ 30% കൈകാര്യം ചെയ്തിരുന്ന റഷ്യ-യുക്രെയ്ൻ മേഖലയിൽ നിന്നുള്ള വിതരണം യുദ്ധം മൂലം കുറഞ്ഞു. ഇത് ഈജിപ്ത്, ലെബനൻ തുടങ്ങിയ രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി.
വളം വില: ലോകത്തെ പ്രധാന വളം കയറ്റുമതിക്കാരായ റഷ്യയിൽനിന്നും ബെലാറസിൽനിന്നുമുള്ള വിതരണം തടസപ്പെട്ടതോടെ ആഗോള വിപണിയിൽ വളത്തിന്റെ വില 80% വരെ വർധിച്ചു. ഇത് ഇന്ത്യയുൾപ്പെടെയുള്ള കാർഷിക രാജ്യങ്ങളിൽ കൃഷിച്ചെലവ് കുത്തനെ കൂട്ടി.
പാചക എണ്ണ: ലോകത്തെ സൂര്യകാന്തി എണ്ണയുടെ 50 ശതമാനവും ഉത്പ്പാദിപ്പിക്കുന്നത് യുക്രെയ്നിലാണ്. യുദ്ധം മൂലം വിതരണ ശൃംഖല തകർന്നതോടെ അന്താരാഷ്ട്ര വിപണിയിൽ പാചക എണ്ണയുടെ വിലയിൽ 25-30% വർധനയുണ്ടായി.
പ്രോട്ടീൻ ലഭ്യത: മൃഗങ്ങൾക്കുള്ള തീറ്റയുടെ (ചോളം, സോയ) വില കൂടുന്നത് പാൽ, മുട്ട, ഇറച്ചി എന്നിവയുടെ വില വർധിപ്പിക്കുകയും സാധാരണക്കാരുടെ ഭക്ഷണത്തിലെ പ്രോട്ടീൻ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നു.
പല രാജ്യങ്ങളും ഭക്ഷ്യസുരക്ഷ മുൻനിർത്തി ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത് വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുന്നു. വികസ്വര രാജ്യങ്ങളിൽ പട്ടിണി വർധിക്കുന്നത് അടുത്ത തലമുറയുടെ ആരോഗ്യത്തെയും വളർച്ചയെയും ബാധിക്കുന്നു. ഒരു മിസൈലിന്റെ വിലകൊണ്ട് ഒരു ഗ്രാമത്തിന് ഒരു വർഷം മുഴുവൻ നൽകാനുള്ള ഭക്ഷണം വാങ്ങാൻ സാധിക്കും.
തകരുന്ന വിതരണ ശൃംഖല
2026ൽ ആഗോള ഗതാഗത മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്:
ഒരു ഇസ്രയേൽ പ്രവാസിയുടെ ഡയറി
രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉയരുന്ന സൈറണുകൾ ഇന്ന് ഇസ്രയേലിലെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവിടത്തെ ‘ബോംബ് ഷെൽട്ടറുകൾ’ ഇന്ന് വെറുമൊരു മുറിയല്ല, മറിച്ച് ജീവൻ മുറുകെപ്പിടിക്കാനുള്ള അഭയസ്ഥാനങ്ങളാണ്. തുടർച്ചയായ മിസൈൽ ആക്രമണങ്ങൾ ജനങ്ങളിൽ വലിയ മാനസികാഘാതം ഉണ്ടാക്കുന്നു.
ഇതിനിടയിലും മാനുഷികമായ കാഴ്ചകൾ പ്രതീക്ഷ നൽകുന്നു. പരിക്കേറ്റവർക്കായി രക്തം നൽകുന്നവരും സന്നദ്ധ പ്രവർത്തകരും സജീവമാണ്. സ്വന്തം ജീവൻ അപകടത്തിലായിരിക്കുമ്പോഴും തങ്ങൾ പരിചരിക്കുന്ന വയോധികരെ ഉപേക്ഷിക്കാതെ കൂടെനിൽക്കുന്ന മലയാളി കെയർടേക്കർമാർ മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകകളാണ്.
സമാധാനമുള്ള നാളെ വരുമോ?
ആരാണ് ശരി, ആരാണ് തെറ്റ് എന്ന രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം, യുദ്ധം തോൽപ്പിക്കുന്നത് സാധാരണക്കാരെയാണ്. ആയുധങ്ങൾകൊണ്ട് യുദ്ധം ജയിച്ചെന്ന് അവകാശപ്പെടുന്നവർക്ക് ഒരിക്കലും മനുഷ്യന്റെ തകർന്ന മനസിനെ പഴയപടിയാക്കാൻ കഴിയില്ല. ആയുധങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള അന്നമായിരുന്നെങ്കിൽ എന്ന് നാം ആശിച്ചുപോകുന്നു. തോക്കുകൾ നിശബ്ദമാകുന്ന, കുട്ടികൾ ഭയമില്ലാതെ സ്കൂളുകളിൽ പോകുന്ന, സമാധാനം എന്ന വാക്കിന് അർഥം കൈവരുന്ന ഒരു നാളേക്കായി നമുക്ക് കാത്തിരിക്കാം.
International
ദുബായി: പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലും ഖത്തറിലും ഇത്തവണ ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല. ഈദ് പ്രാർഥനകൾ മോസ്കുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ ഇന്ന് പുലർച്ചെ ദുബായിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഏത് ആക്രമണം തടയാനും വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ഹൊർമുസ് കടലിടുക്കിന്റെ സുരക്ഷക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായെക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു.
പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ഒരു ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി യുഎഇ ഇപ്പോൾ ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു.
ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിന്റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ അടച്ചിട്ട ഹോർമുസ് ജലപാത സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറുണ്ടാക്കാൻ ഇറാൻ തയാറാണെങ്കിലും വ്യവസ്ഥകൾ പര്യാപ്തമല്ലാത്തതിനാൽ അതിനു താൻ തയാറല്ലെന്നും ട്രംപ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാൻ കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിലെ നിബന്ധനകൾ എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ആണവ താത്പര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഇറാന്റെ സന്നദ്ധത എന്തായാലും കരാറിലുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പൂർണമായും തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഒരു രസത്തിന് അവിടെ വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എണ്ണവില ഉയർന്നേക്കുമെന്ന ആശങ്ക അദ്ദേഹം തള്ളിക്കളഞ്ഞു. എണ്ണയും ഗ്യാസും ആവശ്യത്തിനുണ്ടെന്ന് ട്രംപ് പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയ് ജീവിച്ചിരിപ്പുണ്ടോയെന്ന് തനിക്കറിയില്ലെന്ന് ട്രംപ് പറഞ്ഞു. “മുജ്തബ ജീവിച്ചിരിപ്പില്ലെന്നാണ് താൻ കേട്ടത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ രാജ്യത്തിനുവേണ്ടി ബുദ്ധിപരമായി അദ്ദേഹത്തിനു ചെയ്യാൻ കഴിയുന്നതു കീഴടങ്ങുകയെന്നതാണ് ’’- ട്രംപ് കൂട്ടിച്ചേർത്തു.
NRI
കുവൈറ്റ് സിറ്റി: രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനം തടസപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാനായി വിവിധ സ്ഥലങ്ങളിൽ ബാക്കപ്പ് ഡീസൽ ജനറേറ്ററുകൾ വിതരണം ചെയ്തതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ഗ്രിഡിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ വൈദ്യുതി വിതരണം തടസപ്പെടാതെ തുടരാനാണ് ഈ മുൻ കരുതൽ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വൈദ്യുതി വിതരണ സംവിധാനത്തിൽ ഉണ്ടാകാവുന്ന തകരാറുകൾ പരിഹരിക്കുന്നതിനായി എമർജൻസി-മെയിന്റനൻസ് സംഘങ്ങൾ 24 മണിക്കൂറും സജ്ജമായിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം കണക്കിലെടുത്ത്, രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി 95 അടിയന്തര ഷെൽട്ടറുകൾ സജ്ജമാക്കാൻ കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം ഉത്തരവിട്ടു.
അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഷെൽട്ടറുകൾ വിവിധ സ്കൂളുകളിലായിരിക്കും ക്രമീകരിച്ചിരിക്കുക. ഇതുമായി ബന്ധപ്പെട്ട് യൂണിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസിന് മന്ത്രാലയം പ്രത്യേക സർക്കുലർ അയച്ചിട്ടുണ്ട്.
ഓരോ അഭയകേന്ദ്രത്തിലും ഏകദേശം 400 പേർക്ക് ആവശ്യമായ ഭക്ഷണം കരുതണം. ഒരാൾക്കു പ്രതിദിനം മൂന്നു നേരം എന്ന കണക്കിൽ വെള്ളം, ലഘുഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ സഹകരണ സംഘങ്ങൾ ഉറപ്പാക്കണം.
ഈ സാധനങ്ങൾ വെയർഹൗസുകളിൽ ഉടൻ ശേഖരിച്ചു വയ്ക്കാൻ സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ഇവ വിതരണം ചെയ്യണം.
മെത്തകൾ, പുതപ്പുകൾ, തലയണകൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള ചുമതല ചാരിറ്റബിൾ സൊസൈറ്റികൾക്കാണ്. ഇവർ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഇത് ഏകോപിപ്പിക്കും.
അടിയന്തര സാഹചര്യം നേരിടാൻ ഓരോ ഗവർണറേറ്റിലും പ്രവർത്തനങ്ങൾ ക്രമീകരിക്കാനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് കുവൈറ്റ് ഈ നീക്കത്തെ കാണുന്നത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുപ്രധാന സർക്കാർ ആസ്ഥാനങ്ങളെയും തന്ത്ര പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണങ്ങൾ സൈന്യം പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.
കുവൈറ്റ് എയർവേസിന്റെ ഇന്ധന ടാങ്കിനു നേരെ നടന്ന ആക്രമണം സൈന്യം നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സഊദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.
സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിനു നേരെയും ഞായറാഴ്ച അതിരാവിലെ ആക്രമണമുണ്ടായി. രണ്ടു സംഭവങ്ങളിലും ആളപായങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്ട്രങ്ങളെ ആക്രമിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുദ്ധം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതാണ്. ബിജെപി ഇറാനെ തള്ളുന്നില്ല. ഇറാൻ കപ്പലിന് സംരക്ഷണം നൽകിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധിരാ ഗാന്ധി ഗ്യാരന്റി പ്രഖ്യാപനത്തിൽ ചർച്ച നടക്കണം. കോൺഗ്രസിന്റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
NRI
ബെര്‍ലിന്‍: ഇസ്രയേല്‍ - ഇറാന് സൈനിക നീക്കം ശക്തമായതോടെ യൂറോപ്പില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വലിയ പ്രതിസന്ധിയില്‍. ഇറാന് വ്യോമാതിര്‍ത്തി അടച്ചതും മിസൈല്‍ ആക്രമണ ഭീഷണിയും കാരണം ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സുരക്ഷിത പാതകളിലൂടെ തിരിച്ചുവിടുകയാണ്.
∙ സര്‍വീസുകള്‍ വെട്ടിക്കുറച്ചു പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലെ സര്‍വീസുകളില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്.
∙ റദ്ദാക്കല്‍: ഇസ്രയേലിലേക്കും ഇറാനിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഭൂരിഭാഗം സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചു.
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് ലണ്ടന്‍ - ഡല്‍ഹി, ലണ്ടന്‍ - കൊച്ചി തുടങ്ങിയ സര്‍വീസുകളുടെ യാത്രാ സമയം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് അധിക ഇന്ധന ചെലവിനും കാരണമാകുന്നു.
∙ പ്രത്യേക സര്‍വീസുകള്‍: ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ 23 പ്രത്യേക സര്‍വീസുകള്‍ ഇന്ന് നടത്തുന്നുണ്ടെങ്കിലും യൂറോപ്യന്‍ റൂട്ടുകളില്‍ നിയന്ത്രണം തുടരുകയാണ്.
∙ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ യൂറോപ്പില്‍ നിന്ന് നാട്ടിലേക്ക് വരാനിരിക്കുന്നവരും തിരിച്ചു പോകാനിരിക്കുന്നവരുമായ പ്രവാസികള്‍ വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
നിലവില്‍ വിമാനങ്ങള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ നല്‍കാനോ അല്ലെങ്കില്‍ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ ഉള്ള സൗകര്യം എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
∙ സുരക്ഷയ്ക്കാണ് മുന്‍ഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. സംഘര്‍ഷ മേഖലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കില്ലെന്ന് എയര്‍ ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് യാത്രാ സമയം വര്‍ധിക്കും, പ്രവാസികള്‍ ശ്രദ്ധിക്കുക. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകളെയും കാര്യമായി ബാധിച്ചു തുടങ്ങി.
ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി വിമാനങ്ങള്‍ തിരിച്ചുവിടുന്നതിനാല്‍ ജര്‍മ്മനിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വിമാനത്തിലിരിക്കേണ്ടി വരും.
∙ ജര്‍മനിയിലെ നിലവിലെ സ്ഥിതി ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും താഴെ പറയുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക:
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും ഒഴിവാക്കി ഈജിപ്ത്, സൗദി അറേബ്യ അല്ലെങ്കില്‍ മധ്യേഷ്യ വഴി ചുറ്റിക്കറങ്ങി പറക്കുന്നതിനാല്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ അധിക സമയം യാത്രയ്ക്കായി വേണ്ടിവരും.
∙ സര്‍വീസ് മാറ്റങ്ങള്‍: സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കാനോ സമയം മാറ്റാനോ സാധ്യതയുണ്ട്.
∙ കണക്ഷന് വിമാനങ്ങള്‍: ഗള്‍ഫ് രാജ്യങ്ങള്‍ വഴി കണക്ഷന് ഫ്ലൈറ്റുകളില്‍ (ഉദാഹരണത്തിന് എമിറേറ്റ്സ്, ഇത്തിഹാദ്) നാട്ടിലേക്ക് പോകാനിരുന്ന പല പ്രവാസികളും നിലവില്‍ ജര്‍മനിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ക്രമീകരണങ്ങള്‍ ആലോചിക്കുന്നുണ്ട്.
∙ യാത്രക്കാര്‍ ചെയ്യേണ്ടത് ഫ്ലൈറ്റ് സ്ററാറ്റസ് പരിശോധിക്കുക: എയര്‍ ഇന്ത്യയുടെ വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴി നിങ്ങളുടെ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.
റീഫണ്ട്/റീ ബുക്കിംഗ്: വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ അധിക ചെലവില്ലാതെ തീയതി മാറ്റാനോ ടിക്കറ്റ് തുക തിരികെ വാങ്ങാനോ എയര്‍ ഇന്ത്യ സൗകര്യം നല്‍കുന്നുണ്ട്.
മുന്‍കൂട്ടി എത്തുക: വിമാനത്താവളങ്ങളിലെ തിരക്കും പരിശോധനകളും കണക്കിലെടുത്ത് നേരത്തെ തന്നെ ചെക്ക്ഇന്‍ കൗണ്ടറുകളില്‍ എത്താന്‍ ശ്രമിക്കുക.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനുകളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.
ഫ്ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടാല്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരികെ ലഭിക്കാനോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ യാത്രക്കാര്‍ക്ക് അവകാശമുണ്ട്.
NRI
റോം: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ മലയാളികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്ന് വേൾഡ് മലയാളി കൗണ്‍സില്‍ റോം പ്രൊവിൻസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോബി ആണ്ടൂകുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ചെയർമാൻ ജെജി മാന്നാർ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.
പശ്ചിമേഷ്യന്‍ മേഖലയിലാകെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങള്‍ വഴി ആണ് ഇറ്റലിയിൽ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങൾ സർവീസ് നടത്തുന്നത് യുദ്ധം ആരംഭിച്ച സമയം മുതൽ മുൻകൂട്ടി ബുക്ക് ചെയ്ത രോഗികൾ, വീസാ കാലാവധി കഴിഞ്ഞതും വാർഷിക പരീക്ഷ സമയത്ത് കുട്ടികളുടെ ആവശ്യത്തിനു, വീസാ നടപടികളാക്കായി വന്ന വിദ്യാർഥികൾ, അവധിക്കാലം ചെലവഴിക്കാന്‍ കാത്ത് ഇരുന്നവർക്കും അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മുൻഗണന ക്രമത്തിൽ യാത്ര ചെയ്യാൻ ഇന്ത്യൻ ഭരണകൂടവും ഇന്ത്യന്‍ എംബസിയും സംസ്ഥാന സര്‍ക്കാറും ആവശ്യമായ സഹായങ്ങൾ ചെയ്തു പ്രശ്നങ്ങള്‍പരിഹരിക്കാന്‍ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിനിധികളുടെ യോഗത്തില്‍ വിമാനസര്‍വീസുകള്‍, റീഫണ്ട്, അമിത വിമാനക്കൂലി, ട്രാന്‍സിറ്റ് ടൂറിസ്റ്റ് യാത്രക്കാര്‍ തുടങ്ങിയവരുടെ വിഷയങ്ങളും ചര്‍ച്ച നടത്തി. മലയാളികൾ ഭരണകൂടവും ഇന്ത്യന്‍ എംബസികളും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് യോഗത്തിൽ അറിയിച്ചു.
ഷിജി ജോസഫ്, ഫിലിപ്പ് കുര്യാക്കോസ്, ജോമോൻ പത്തിൽചിറ, ബെന്നി ജോസഫ്, മറീന ജോബി, മൈക്കിൾ കുരിയപളളി, തോമസ് വെള്ളൂർ, രാജീവ് വെങ്ങാട്ട്, സിജി ജോർജ്, തോമസ് കല്ലറ എന്നിവർ പ്രസംഗിച്ചു.
NRI
കുവൈറ്റ് സിറ്റി: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ വീരചരമം പ്രാപിച്ച നാവിക സേനാംഗങ്ങളായ സർജന്റ് വലീദ് മജീദ് സുലൈമാൻ, സർജന്റ് അബ്ദുൽ അസീസ് അബ്ദുൽ മുഹ്സിൻ ദഖിൽ നാസർ എന്നിവർക്ക് കുവൈറ്റ് വീരോചിതമായ വിട നൽകി.
ഇവരുടെ സംസ്കാര ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. സൈന്യത്തിലും സർക്കാർ കേന്ദ്രങ്ങളിലുമുള്ള ഉന്നതർ ചടങ്ങുകളിൽ പങ്കാളികളായി.
NRI
കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ആവുന്നതെല്ലാം ഇന്ത്യൻ എംബസി ചെയ്യുന്നുണ്ടെന്ന് അംബാസഡർ പരമിത ത്രിപാഠി പറഞ്ഞു. ഇന്ത്യൻ സമൂഹത്തോടായി നടത്തിയ പ്രത്യേക വേർച്വൽ സന്ദേശത്തിലാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കാരടക്കമുള്ള മുഴുവൻ ജനങ്ങളുടെയും സുരക്ഷയ്ക്കായി ജാഗ്രതയോടെയും പ്രഫഷണൽ മികവോടെയും കഠിനാധ്വാനം ചെയ്യുന്ന കുവൈറ്റ് സർക്കാരിനോടുള്ള കൃതജ്ഞത അംബാസഡർ എടുത്തു പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായും ഇന്ത്യ, കുവൈറ്റ് വിദേശ കാര്യ മന്ത്രിമാർ തമ്മിലും ഫോണിൽ സംസാരിച്ചതായും സ്ഥിതി ഗതികൾ ഇന്ത്യാ ഗവൺമെന്റ് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായും അംബാസഡർ പറഞ്ഞു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താഴെ പറയും കാര്യങ്ങൾ അംബാസഡർ ഓർമിപ്പിച്ചു.
1. ഇന്ത്യൻ എംബസി ഈ പ്രത്യേക സാഹചര്യത്തിൽ 24 മണിക്കൂറും സേവന സന്നദ്ധമായി പ്രവർത്തിക്കും.
2. 24 മണിക്കൂറും പ്രവർത്തിക്കുന്ന എംബസി ഹെല്പ് ലൈനുമായും എംബസി ഇമെയിൽ മുഖേനയും എന്ത് സഹായത്തിനും ബന്ധപ്പെടാവുന്നതാണ്.
3. കുവൈറ്റിലെ നാല് എംബസി സേവന കേന്ദ്രങ്ങളും റംസാൻ സമയക്രമം പാലിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
4. കുവൈറ്റ് സർക്കാരും ഇന്ത്യൻ എംബസിയും പുറപ്പെടീക്കുന്ന എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും എംബസി വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.
അവ ഫോളോ ചെയ്യാൻ ശ്രമിക്കുക. ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം ആശ്രയിക്കുക.
5. എയർ പോർട്ട് അടച്ചത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതരുമായി സംസാരിച്ചു വരികയാണ്.
6. മാർച്ച് അഞ്ച് വരെയുള്ള സിബിഎസ്ഇ പരീക്ഷകൾ നിർത്തി വെച്ചിരിക്കുന്ന വിവരം എംബസി നേരത്തെ അറിയിച്ചിരുന്നു. പരീക്ഷാ പുനക്രമീകരണം സിബിഎസ്ഇ പ്രഖ്യാപിക്കുന്നതായിരിക്കും.
അനാവശ്യമായി പുറത്ത് പോകാതിരിക്കാൻ അംബാസഡർ പ്രത്യേകം ആവശ്യപ്പെട്ടു. ഇന്ത്യൻ അസോസിയേഷനുകളുമായും ഇന്ത്യൻ മാധ്യമ സമൂഹവുമായും എംബസി ഓൺലൈൻ മീറ്റിംഗ് ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയതയും അംബാസഡർ പറഞ്ഞു.
NRI
കോട്ടയം: ഇറാന് ആക്രമിച്ചതോടെ ഗള്‍ഫ് മേഖലയിലെ മലയാളി കുടുംബങ്ങളും നാട്ടിലുള്ള അവരുടെ ബന്ധുക്കളും ആശങ്കയിലായി. ആദ്യഘട്ടത്തില്‍ ബാധിക്കാതിരുന്ന ഒമാനിലും ആക്രമണം ഉണ്ടായതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.
ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ജനങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന് വ്യക്തമാക്കിയത് പ്രതീക്ഷ നല്കുന്നു.
അറബ് മേഖലയിലെ യുദ്ധഭീതിയില്‍ ആശങ്കയിലായിരിക്കുന്നത് ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങളാണ്. തൊഴില്‍, വ്യാപാര ആവശ്യങ്ങള്‍ക്കായി കുടുംബമൊന്നാകെയോ, മക്കളോ, പിതാവോ, മാതാവോ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ ജില്ലയിലുണ്ട്.
ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് നാടുകളിലെ കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെങ്കിലും പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ മലയാളികളെ ആശങ്കപ്പെടുത്തുകയാണ്.
ഗള്‍ഫിലെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയവരുടെയും വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. യുദ്ധഭീതി അലട്ടുമ്പോഴും എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ സാധിക്കാത്ത വല്ലാത്ത ജീവിതാവസ്ഥകളാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്.
അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉം അല്‍ ഖുവൈന്‍, ഫുജുറെ, റാസല്‍ ഖൈമ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നാട്ടിലെത്താനും ഇപ്പോല്‍ സാഹചര്യമില്ല. ഈ സ്ഥലങ്ങളെല്ലാം രണ്ടു ദിവസങ്ങളിലായി രാത്രിയും പകലും സ്ഫോടന ശബ്ദങ്ങളാല്‍ മുഖരിതമാണ്.
ആര്‍ക്കും പരുക്കോ മറ്റുപ്രശ്നങ്ങളോ ഇല്ലെങ്കിലും യുദ്ധഭീതി നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്. യുദ്ധഭീതി നീണ്ടാല്‍ അവശ്യ വസ്തുക്കള്‍ക്കുള്‍പ്പെടെ ക്ഷാമം നേരിടുമെന്നതും തിരിച്ചടിയാണ്. പെട്ടെന്നുള്ള യുദ്ധമാരംഭമായിരുന്നതിനാല് പലര്‍ക്കും സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിമാനത്താവളങ്ങള്‍ പൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെയും വിദേശത്തെയും വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരിലും ജില്ലയില്‍നിന്നും ഏറെ പേരുണ്ട്.
അവധിയ്ക്ക് നാട്ടിലെത്തി, വിസ കാലാവധി തീരും മുമ്പേ തിരികെ എത്താന്‍ കഴിയാതെ ആശങ്കയിലാരിക്കുന്നവരും താത്കാലിക വിസയ്ക്ക് അറേബ്യന്‍ രാജ്യങ്ങളിലേക്ക് പോയി, എന്നു തിരിച്ചുവരാന്‍ കഴിയുമെന്നറിയാതെ അരക്ഷിതാവസ്ഥയിലായിരിക്കുന്നവരുമുണ്ട്.
കുടുംബത്തില്‍ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായിട്ടും യാത്ര സാധിക്കാത്ത അവസ്ഥയും ചിലര്‍ക്കുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജില്ലയില്‍നിന്നുള്ള നഴ്സുമാര്‍ വലിയൊരു വിഭാഗമാണ്.
കൂടാതെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ടെക്കികള്‍, വിവിധ കമ്പനികളില്‍ മാനേജ്മെന്റ് വിദഗ്ധര്‍, നിര്മാണസേവന മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗങ്ങളിലായി ആയിരക്കണക്കിനു പേര് ജോലി ചെയ്യുന്നുണ്ട്. പലരും കുടുംബസമേതം വര്‍ഷങ്ങളായി അവിടെ സ്ഥിരതാമസമാക്കിയവരാണ്. ബിസിനസ് ചെയ്യുന്നവരുമേറെ.
യുദ്ധസാഹചര്യം നീണ്ടുപോയാല്‍ തൊഴില്‍, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നിവയെല്ലാം ബാധിക്കുമോയെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ വിവിധ പ്രവാസിസംഘടനകളും സജീവമായി ഇടപെടുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകള്‍ തത്കാലം മാറ്റിവച്ചെങ്കിലും മുന്നോട്ട് എന്താകുമെന്ന് വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ട്. കേരളീയരായ കെയര്‍ഗിവേഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇസ്രയേലില്‍ നിരവധിയുണ്ട്.
ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങി. ബിസിനസ്, വിനോദ സഞ്ചാരത്തിനു പോയ സംഘം പശ്ചിമേഷ്യയിലുണ്ട്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ശേഖരിച്ചിട്ടുണ്ട്.
ആശങ്കയിലാണെങ്കിലും ഇസ്രയേലിലെ മലയാളികളെല്ലാം നിലവില്‍ സുരക്ഷിതരാണ്. ഒഴിപ്പിക്കല്‍ സാധ്യത മുന്നിലുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ വിരളമാണ്. വ്യോമാക്രമണം ഇസ്രയേലുകാര്‍ക്ക് പുതിയകാര്യമല്ല. ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് മുന്‍കരുതലുകള്‍ മനഃപാഠമാണ്.
ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം, വീടുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ കേന്ദ്രങ്ങളും നിലവിലുണ്ട്. ഇറാന് ആക്രമണം ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങളെക്കാള്‍ തീവ്രതകൂടിയതാണ്.
മലയാളികളെല്ലാം സുരക്ഷിതരാണെന്ന് നോര്‍ക്കയും വ്യക്തമാക്കി. ഇസ്രയേലില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ട് അപ്പാര്‍ട്ട്മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയാന്‍ സൗകര്യമുണ്ട്.
NRI
അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുംപിരി കൊള്ളുകയും യുഎഇയ്ക്കു നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ യുഎഇ രാജ്യത്തിനായി പ്രാർഥനകളിലൂടെയും ഓൺലൈൻ പോസ്റ്റുകളിലൂടെയും പിന്തുണ അറിയിക്കുന്ന പ്രവാസികൾ ഇപ്പോൾ വ്യാപകമായി ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ് പുതിയൊരു ഇൻസ്റ്റ പോസ്റ്റ്.
"ഞങ്ങൾ ഈ രാജ്യത്തെ തെരഞ്ഞെടുത്തു. ഞങ്ങൾ ഈ രാജ്യത്തോടോപ്പോം നിലനിൽക്കും' എന്ന വാചകത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റാണ് നിമിഷങ്ങൾക്കുള്ളിൽ പ്രവാസികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വൈറലായി മാറിയിരിക്കുന്നത്.
വാട്സ്ആപ് സ്റ്റാറ്റസ് മുതൽ സ്റ്റോറികൾ വരെ ഇത് വ്യാപകമായി സ്ഥാനം പിടിച്ചിരിക്കുന്നു. പിറന്ന നാടിനൊപ്പോം, കരുതുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന രാജ്യത്തോട് കൂറ് പ്രഖ്യാപിക്കാൻ കാത്തിരിക്കുന്ന പ്രവാസികളുടെ മനസ്സറിഞ്ഞ ഒരു പോസ്റ്റ് ആയിരുന്നു ഇത്. അതുകൊണ്ടു തന്നെയാണ് പ്രവാസികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇത് ഇത്ര വേഗം ഏറ്റെടുത്തത്.
യുഎഇയ്ക്കു നേരെ ഇരുനൂറിലേറെ മിസൈലുകളും അറുനൂറോളം ഡ്രോണുകളും പറന്നെത്തിയിട്ടും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്ന് മാത്രമാണ്. ഈ രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കരുത്തുള്ള ഭരണാധികാരികൾക്ക് നന്ദിയും അവരുടെ ക്ഷേമത്തിനായുള്ള പ്രാർഥനകളും കൊണ്ട് നിറയുകയാണ് യുഎഇയിലെ സമൂഹ മാധ്യമ അക്കൗണ്ടുകൾ.
NRI
ബെർലിൻ: ഇറാനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഗൾഫ് മേഖലയിൽ മുപ്പതിനായിരത്തോളം ജർമൻ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും ശനിയാഴ്ച നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്.
വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് ദുബായി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമായി കഴിയുന്നത്.
നിലവിൽ ആകാശമാർഗം ആളുകളെ ഒഴിപ്പിക്കുക അസാധ്യമാണെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാന വിവരങ്ങൾ:
കുടുങ്ങിക്കിടക്കുന്നവർ: ഏകദേശം 30,000 ജർമൻ വിനോദസഞ്ചാരികൾ. ഇതിൽ പതിനായിരത്തിലധികം പേർ അടിയന്തര സഹായത്തിനായി എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യാത്രാ തടസം: ദുബായി ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങൾ അടച്ചു. ക്രൂയിസ് കപ്പലുകളും സർവീസ് നിർത്തിവെച്ചു.
സുരക്ഷാ നിർദേശം: വിനോദസഞ്ചാരികൾ തങ്ങുന്ന ഹോട്ടലുകളിൽ തന്നെ തുടരണമെന്നും സ്വന്തം നിലയ്ക്ക് അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നും ജർമൻ ട്രാവൽ അസോസിയേഷൻ (ഡിആർവി) കർശന നിർദേശം നൽകി.
യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് കരുതാനാവില്ലന്നും നിലവിലെ സാഹചര്യത്തിൽ സൈനിക നീക്കത്തിലൂടെ ആളുകളെ ഒഴിപ്പിക്കുക പ്രായോഗികമല്ലന്നും ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പറഞ്ഞു.
ശനിയാഴ്ച ഇറാനിലെ ഭരണത്തലവൻ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയത്. ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ തിരിച്ചടി ആരംഭിച്ചു. വരും ആഴ്ചകളിലും ചിലപ്പോൾ ഒരു മാസത്തോളം യുദ്ധം തുടർന്നേക്കാമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന സൂചന.
നിലവിൽ ദുബായി സർക്കാർ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കുന്നുണ്ട്. എങ്കിലും മേഖലയിൽ റോക്കറ്റ് ആക്രമണ ഭീതി നിലനിൽക്കുന്നതിനാൽ വലിയ തോതിലുള്ള അനിശ്ചിതത്വമാണ് തുടരുന്നത്.
NRI
കുവൈറ്റ് സിറ്റി: രാജ്യത്തേക്കെത്തിയ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുതായി കുവൈറ്റ് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. നിർവീര്യമാക്കിയ മിസൈലുകൾ വടക്കൻ മരുഭൂമി പ്രദേശങ്ങളിൽ വീണതായാണ് വിവരം.
ഇന്റർസെപ്ഷൻ (തടയൽ) നടപടികളുടെ ഭാഗമായുണ്ടായ സ്ഫോടന ശബ്ദങ്ങൾ സാധാരണ പ്രക്രിയയുടെ ഫലമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഭക്ഷ്യ വസ്തുക്കളും ഇന്ധനവും ആവശ്യത്തിന് സ്റ്റോക്കിലുണ്ടെന്ന് അറിയിച്ച സിവിൽ ഡിഫൻസ്, അനാവശ്യ തിരക്ക് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചു.
അധികൃത നിർദേശങ്ങൾ പാലിക്കാനും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനും പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ രാജ്യത്ത് അട്ടിമറിയിലൂടെ ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം.
ഖമനയ്യുടെ മരണത്തോടെ ഇറാനിലെ നിലവിലെ ഭരണസംവിധാനം തകരുമെന്ന പ്രതീക്ഷ വേണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 1979 മുതൽ രാജ്യത്തു നിലനിൽക്കുന്ന തീവ്ര മതഭരണകൂടത്തെ അട്ടിമറിക്കാൻ നിലവിലെ പ്രതിപക്ഷത്തിനു സാധിക്കില്ലെന്നാണ് യുഎസ് വിലയിരുത്തുന്നത്.
ഇറാനെതിരെയുള്ള ആക്രമണത്തിനു മുൻപ് തന്നെ സിഐഎ വൈറ്റ് ഹൗസിനു സമർപ്പിച്ച രഹസ്യ രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും റോയിട്ടേഴ്സ്. ഖമനയ് കൊല്ലപ്പെട്ടാൽ പകരക്കാരനായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അത്രതന്നെ തീവ്ര നിലപാടുള്ള പുരോഹിതന്മാരോ ആയിരിക്കും അധികാരത്തിൽ വരികയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇത് ഇറാനിലെ നിലവിലെ വിദേശനയങ്ങളിലും സൈനികനീക്കങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും അതേസമയം, കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്കു ഭരണകൂടം എത്തിച്ചേർക്കാമെന്നും യുഎസ് വിലയിരുത്തുന്നു.
വർഷങ്ങളായി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിടുന്ന ഇറാൻ പ്രതിപക്ഷത്തിനു പെട്ടെന്നൊരു ഭരണമാറ്റം കൊണ്ടുവരാനുള്ള ശേഷിയില്ലെന്നാണ് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇറാന്റെ തെരുവുകളിൽ ജനകീയപ്രക്ഷോഭങ്ങൾ ശക്തമാകുമെങ്കിലും ഭരണകൂടത്തെ താഴെയിറക്കാൻ ശേഷിയുള്ളതാകില്ല. ഖമനയ്യുടെ വിടവ് നികത്താൻ അവർക്കു പകരക്കാരുണ്ടെന്നുമാണ് അമേരിക്കൻ രഹസ്യ ഏജൻസികളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
International
ടെഹ്റാന്: ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിന്നലാക്രമണത്തിൽ അമേരിക്കയും പങ്കുചേർന്നതായി റിപ്പോർട്ട്. ആക്രമണത്തിനു പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചു. ഇസ്രായേൽ നടത്തുന്ന ഈ 'പ്രതിരോധ ആക്രമണത്തിൽ' അമേരിക്കയും പങ്കാളികണാണെന്നാണ് റിപ്പോർട്ടുകൾ. പേര് വെളിപ്പെടുത്താത്ത ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ ടെഹ്റാനിൽനിന്ന് അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. സുരക്ഷാ കാരണങ്ങളാൽ ഇറാൻ സിവിൽ ഏവിയേഷൻ അഥോറിറ്റി തങ്ങളുടെ വ്യോമപാതകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. നേരത്തെ ഇസ്രയേലും സിവിലിയൻ വിമാനങ്ങൾക്കായി വ്യോമപാത അടച്ചിരുന്നു.
ടെഹ്റാൻ നഗരമധ്യത്തിലും കിഴക്കൻ മേഖലയിലും രണ്ട് ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു മിസൈൽ ആക്രമണമാണെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിനു മുകളിൽ കറുത്ത പുകപടലങ്ങൾ ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം
ആക്രമണത്തിനു പിന്നാലെ ഇസ്രായേലിലെ നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സർക്കാർ നിർദേശിച്ചു. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ഈ സംഘർഷത്തെ ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Todays Story
യുദ്ധസിനിമകള്‍ ആവേശത്തോടെ കണ്ടിരിക്കാറുണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. രാജ്യസ്നേഹവും ശത്രുരാജ്യത്തെ സ്വന്തം രാജ്യം ജയിക്കുന്നതില്‍ ആവേശവുമെല്ലാം നിറഞ്ഞ എത്രയോ യുദ്ധസിനിമകള്‍ ലോകത്തുണ്ടായിട്ടുണ്ട്.
യുദ്ധത്തിന്റെ ദുരന്തമുഖങ്ങള്‍ കാണിച്ചുതന്ന സിനിമകളും പ്രേക്ഷകരെ രസിപ്പിക്കാതെ വേദനിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡോക്യു-സിനിമയാണ് അമേരിക്കന്‍ ഡോക്ടര്‍. യുദ്ധമാണ് അമേരിക്കന്‍ ഡോക്ടറുടെ പശ്ചാത്തലം. അതും ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഗാസ യുദ്ധം.
പ്രേക്ഷകരെ അപ്പാടെ പിടിച്ചുലയ്ക്കുന്ന കാഴ്ചകളാല്‍ സമ്പന്നമാണ് അമേരിക്കന്‍ ഡോക്ടര്‍. യുദ്ധം ബാക്കിവയ്ക്കുന്നതെന്ത് എന്ന കാലങ്ങളായുള്ള ചോദ്യവും അന്വേഷണവും തന്നെയാണ് അമേരിക്കന്‍ ഡോക്ടറും പ്രേക്ഷകര്‍ക്ക് മുന്നില്‍ വെക്കുന്നത്.
ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണകളിലൂടെ പറയുന്ന ഈ സിനിമ ഗാസയിലെ ദുരന്തക്കാഴ്ചകള്‍ പറയാന്‍ ഡോക്ടര്‍മാരുടെ വീക്ഷണകോണുകള്‍ ഉപയോഗപ്പെടുത്തിയെന്നതിലാണ് പുതുമ.
യുദ്ധസമയത്ത് ഗാസയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ ഡോക്ടര്‍മാരുടെ സാക്ഷ്യപത്രങ്ങളാണ് അമേരിക്കന്‍ ഡോക്ടര്‍ എന്ന ഡോക്യു-സിനിമയുടെ ഓരോ ഫ്രെയ്മുകളും.
International
കീവ്: റഷ്യപിടിച്ചെടുത്ത പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് യുക്രെയ്ൻ തിരിച്ചുപിടിച്ചു. യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച നഗരത്തിൽ പ്രസിഡന്റ് സെലെൻസ്കി സന്ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങളും സെലെൻസ്കി പങ്കുവച്ചു.
വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ സേനാംഗങ്ങളെ തങ്ങൾ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുഎസ് പിന്തുണയോടെ സമാധാന ശ്രമങ്ങൾ മുന്നേറുന്നതിനിടെയാണ് കുപിയാൻസ്ക് തിരിച്ചുപിടിച്ചതായ യുക്രെയ്ന്റെ പ്രഖ്യാപനം.
എന്നാൽ കുപിയാൻസ്കും മറ്റൊരു തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യ അവകാശപ്പെട്ടു.
International
ദുബായ്: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ധാരണ നടപ്പായതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. 12 ദിവസത്തിനുശേഷം ആദ്യമായി ഇരു രാജ്യത്തും മിസൈലാക്രമണമില്ലാത്ത രാത്രിയാണ് കടന്നുപോയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിലാണ് വെടിനിർത്തൽ സാധ്യമായത്. വെടിനിർത്തൽ ആദ്യം പാളിയെങ്കിലും ട്രംപ് രൂക്ഷമായ ഭാഷയിൽ ഇസ്രയേലിനെയും ഇറാനെയും വിമർശിച്ചതോടെ ധാരണ നിലവിൽ വന്നു.
ഇറാനിലും ഇസ്രയേലിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ മുന്പത്തേതുപോലെയായി. ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്നലെ മൂന്നു പേരെ ഇറാനിൽ തൂക്കിലേറ്റി. ചാരവൃത്തി ആരോപിച്ച് എഴുനൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
“എല്ലാം നന്നായി പോകുന്നു” എന്നാണ് നെതർലൻഡ്സിൽ നാറ്റോ സമ്മേളനത്തിനെത്തിയ ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞത്. അതേസമയം, ആണവപദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവ ഏജൻസിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാൻ തീരുമാനിച്ചിട്ടുണ്ട്. വർഷങ്ങളായി ഇറാന്റെ ആണവപദ്ധതികൾക്കു മേൽനോട്ടം വഹിച്ചിരുന്നത് വിയന്ന ആസ്ഥാനമായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയായിരുന്നു.
ഇതിനിടെ, ഇറാനിലെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നിട്ടില്ലെന്ന പെന്റഗൺ റിപ്പോർട്ട് പുറത്തുവന്നത് വിവാദത്തിനിടയാക്കി. എന്നാൽ, ഇതു നിഷേധിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തി. തകർക്കപ്പെട്ട ആണവകേന്ദ്രങ്ങളിലെത്തി മൊസാദ് ഏജന്റുമാർ നാശനഷ്ടം വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ ദശകങ്ങളോളം പിറകോട്ടടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് വൻ നാശമുണ്ടായതായാണു തങ്ങളുടെ നിഗമനമെന്ന് ഇസ്രേലി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. യുഎസ് ആക്രണങ്ങളുടെ ഫലമായി ഇറാന്റെ ആണവ സംവിധാനങ്ങൾക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് ഇന്നലെ സ്ഥിരീകരിച്ചു. അൽ ജസീറ ചാനലിനോട് സംസാരിക്കവേ ഇക്കാര്യം തുറന്നു സമ്മതിച്ച അദ്ദേഹം കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ വിസമ്മതിച്ചു.
International
തങ്ങളുടെ ആണവപദ്ധതികൾ തികച്ചും സമാധാനപരമാണെന്നും ബുഷേർ പോലുള്ള ആണവോർജ പ്ലാന്റുകളിലേക്കുള്ള ഇന്ധന ആവശ്യത്തിനായാണു യുറേനിയം സന്പുഷ്ടീകരണമെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്.
എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമൊക്കെ പറയുന്നത്. ഇറാന്റെ ആണവ പദ്ധതി ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ഇസ്രയേലും അവരുടെ ചാരസംഘടനയായ മൊസാദും വ്യക്തമാക്കുന്നത്.
ഈ ആരോപണം ഏറെക്കുറെ ശരിവയ്ക്കുന്നതാണ് ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറേനിയൻ പരമോന്നത നേതാവ് ഖമനയ്യുടെ പരസ്യനിലപാടും ഇസ്രയേലിനെ ലക്ഷ്യംവച്ച് പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെയും ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ളയെയും യെമനിലെ വിമത സംഘടനയായ ഹൂതികളെയുമൊക്കെ ആയുധവും പരിശീലനവുമൊക്കെ നൽകി ഇറാൻ സഹായിക്കുന്നതും.
സമ്മർദങ്ങളെ അതിജീവിച്ച മുന്നേറ്റം
ഇസ്രയേലിന്റെയും യുഎസിന്റെയും ഓരോ ആക്രമണത്തിനുശേഷവും ഇറാന് ആണവായുധ നിര്‍മാണ ശ്രമങ്ങളില്‍ കരുത്താർജിക്കുകയായിരുന്നു.
ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണകാലം തൊട്ടിങ്ങോട്ട് നതാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇസ്രയേലും യുഎസും നിരവധി ആക്രമണശ്രമങ്ങളാണു ഇറാനിൽ നടത്തിയത്.
ഇതിനുശേഷം, സെൻട്രിഫ്യൂജുകൾക്ക് ആവശ്യമായ നിർണായക ഘടകങ്ങള്‍ നിർമിക്കുന്ന കെട്ടിടങ്ങൾ ഇസ്രയേൽ തകർക്കുകയും ആണവായുധ നിർമാണത്തിലെ ബുദ്ധികേന്ദ്രങ്ങളായ ശാസ്ത്രജ്ഞരെ അതീവരഹസ്യമായി സ്ഫോടനത്തിലൂടെയും മറ്റും വധിക്കാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ, അവപോലും ഇറാന് താത്കാലിക തിരിച്ചടികള്‍ മാത്രമേ നല്കിയുള്ളൂ. 15 വര്‍ഷം മുമ്പ് മാല്‍വെയര്‍ ഉപയോഗിച്ച് സെൻട്രിഫ്യൂജുകളില്‍ ഇസ്രയേല്‍ നടത്തിയ സമർഥമായ സൈബര്‍ ആക്രമണം പോലും ഇറാന്റെ ആണവ പദ്ധതികള്‍ ഒന്നോ രണ്ടോ വർഷത്തേക്കു മാത്രമേ മന്ദീഭവിപ്പിച്ചുള്ളൂ.
കഴിഞ്ഞ 13ന് നടത്തിയ ആക്രമണത്തിൽ ഇറേനിയൻ ആണവകേന്ദ്രങ്ങളാണു ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടതെങ്കിലും ഇവിടങ്ങളിൽ കാര്യമായ നാശമുണ്ടാക്കാനായിരുന്നില്ല. എന്നാൽ, രാജ്യത്തെ പ്രധാനപ്പെട്ട ഒന്‍പത് ആണവ ശാസ്ത്രജ്ഞരെ വധിച്ചു. മുതിര്‍ന്ന ഇറേനിയൻ ആണവ ഗവേഷകരെ ഇല്ലായ്മ ചെയ്യാനായത് വലിയ നേട്ടമായാണു ഇസ്രയേൽ കണ്ടത്.
International
ഇറാന്റെ അതീവരഹസ്യ ആണവപദ്ധതി. വടക്കുപടിഞ്ഞാറൻ ഇറാനിലെ ഖോം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ മലനിരകൾക്കുള്ളിലാണ് ആണവ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
യുറേനിയം സന്പുഷ്ടീകരിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉദ്യോഗസ്ഥർ 2023ൽ ഇവിടെ നടത്തിയ പരിശോധനയിൽ അണുബോംബ് നിർമിക്കുന്നതിന് ആവശ്യമായതിനോട് അടുത്ത തോതിൽ സന്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ ഫോർഡോയും ഉൾപ്പെട്ടിരുന്നു.
എന്നാൽ നതാൻസ്, ഇസ്ഫഹാൻ കേന്ദ്രങ്ങളിലുണ്ടായതുപോലുള്ള നാശം ഫോർഡോയിൽ റിപ്പോർട്ട് ചെയ്തില്ല. മലയ്ക്കുള്ളിൽ നൂറുകണക്കിനു മീറ്ററുകൾ ആഴത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റ് നശിപ്പിക്കാൻ അമേരിക്കയുടെ ബങ്കർ നശീകരണ ബോംബും അതുവഹിക്കുന്ന ബി-2 സ്പിരിറ്റ് യുദ്ധവിമാനവും വേണ്ടിവന്നതിനു കാരണം ഇതാണ്.
ഫോർഡോ നശിച്ചോ?
അമേരിക്കൻ ആക്രമണത്തിൽ ഫോർഡോ നിലയം നശിച്ചെന്നാണ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ പ്ലാന്റിനു കാര്യമായ നാശമുണ്ടായി എന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ ഫോർഡോയിലെ ഉപകരണങ്ങളും നേരത്തേ മാറ്റിയിരുന്നുവെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്.
ആക്രമണം ഇറാന്റെ ആണവപദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെ
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾക്കുമേൽ ഇസ്രയേലിനു പിന്നാലെ അമേരിക്കയും പ്രഹരമേൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതായി അന്താരാഷ്ട്ര പരിശോധകർ കണ്ടെത്തിയിരുന്നു.
ഇറാന് ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് അടുത്തിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റഫായേല്‍ ഗ്രോസിയും വ്യക്തമാക്കിയിരുന്നു. ഒമ്പത് അണുബോംബുകൾ നിര്‍മിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോള്‍ അവരുടെ പക്കലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ആണവകേന്ദ്രങ്ങളിൽനിന്നു പരിശോധകർ കണ്ടെത്തിയ മനുഷ്യനിർമിത യുറേനിയം കണികകളെക്കുറിച്ചുള്ള അന്വേഷണവുമായി ഇറാൻ സഹകരിക്കാത്തതിനാൽ അവരുടെ ആണവപദ്ധതി പൂർണമായും സമാധാനപരമാണെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി അറിയിച്ചിരുന്നു.
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള ഘടകങ്ങൾ നിർമിക്കാനുള്ള ഇറേനിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ശേഖരിച്ചതായി ഇസ്രയേൽ സൈന്യവും ഒരുമാസം മുമ്പ് വ്യക്തമാക്കിയിരുന്നു.
International
ടിജോ മാത്യു
ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കിൽ ആശങ്കയുടെ തിരയിളക്കം. വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.
പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഈ ജലപാത അടഞ്ഞാൽ ഇന്ത്യയുടെ ഊർജഭദ്രത ഉൾപ്പെടെ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൗദി, ഇറാക്ക്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. വെറും 21 നോട്ടിക്കൽ മൈലാണ് ഇതിന്റെ വീതി. ലോകത്തിന്റെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും എൽഎൻജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) മൂന്നിലൊന്നും ദിനേന ഇതുവഴിയാണു കടന്നുപോകുന്നത്. ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണ. ഹോർമുസ് അടച്ചിടുന്നതോടെ എതിരാളികളെ സമ്മർദത്തിലാക്കി ചർച്ചയുടെ മേശയിലേക്കുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടന്നത്. "ഈ പാത അടയ്ക്കുന്നതോടെ ആഗോള എണ്ണ വ്യാപാരത്തിൽ വൻ ഇടിവുണ്ടാകുകയും വിലവർധനയ്ക്കു കാരണമാകുകയും ചെയ്യും. ഹോർമൂസ് കടലിടുക്കിലെ ഏതൊരു തടസവും ഇറാക്കിൽനിന്നും സൗദിയിൽനിന്നുമുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ബാധിക്കും.
ഹോർമുസ് കടലിടുക്ക് തടസപ്പെട്ടാൽ എണ്ണക്കപ്പലുകൾ വഴിതിരിച്ചുവിടാൻ കമ്പനികൾ തയാറാവും. എണ്ണയുടെ ചരക്ക് നീക്കത്തിൽ ചെലവേറാൻ വഴിതിരിച്ചുവിടൽ ഇടയാക്കും. സ്വഭാവികമായി എണ്ണവില കുതിച്ചുയരുകയും ചെയ്യും. വില ബാരലിന് 80-90 യുഎസ് ഡോളറോ ചിലപ്പോൾ ബാരലിന് 100 യുഎസ് ഡോളറിലോ എത്തുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
എന്നാൽ, ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഇറാന്റെ സാമ്പത്തിക മേഖലയ്ക്കും നല്ലതല്ല. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാനു കൂടുതൽ ഞെരുക്കം സൃഷ്ടിക്കുന്ന നടപടിയാകും അത്. അത്തരമൊരു നീക്കം ടെഹ്റാന്റെ കയറ്റുമതിയെയും സാരമായി ബാധിക്കും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ചതു മുതൽ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന സൂചന ഇറാൻ അധികൃതർ നൽകിയിരുന്നു. പശ്ചിമേഷ്യയിൽ നിരവധി തവണ യുദ്ധമേഖങ്ങൾ ഉരുണ്ടുകൂടിയിട്ടും ആധുനിക ചരിത്രത്തിൽ ഹോർമുസ് കടലിടുക്ക് ഒരു തവണ പോലും പൂർണമായി അടച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്‍പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും ആരംഭിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യാസംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുറപ്പായി.
ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന മൂന്നു പ്ലാന്റുകൾക്കും ഇറാന്റെ ആണവപദ്ധതിയിൽ സുപ്രധാന പങ്കുണ്ട്. മൂന്നു സ്ഥലങ്ങളിലും ഇസ്രയേൽ മുന്‍പ് ആക്രമണം നടത്തിയിരുന്നു. നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. എന്നാൽ മലനിരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ പ്ലാന്റ് നശിപ്പിക്കാനുള്ള ശേഷി ഇസ്രയേലിനില്ലായിരുന്നു. അതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.
ഇറാനെ അറിയിച്ചശേഷം ആക്രമണം
വാഷിംഗ്ടൺ ഡിസി: ആണവ കേന്ദ്രങ്ങളിലെ ആക്രമണം മൂലം പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനു സന്ദേശം നല്കിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം.
പരിമിതമായ തോതിലേ ആക്രമണം ഉണ്ടാകൂ എന്നും ഇറേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്ക മുൻകൂട്ടി അറിയിച്ചു.
ആക്രമണശേഷം യുഎസ് പ്രസിഡന്റ് നല്കിയ സന്ദേശത്തിലും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.
ഇറാന് ഇപ്പോഴും സമാധാനത്തിന്റെ പാതയിലേക്കു മടങ്ങിവരാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.
“ഇതിങ്ങനെ തുടരാനാവില്ല. ഒന്നല്ലെങ്കിൽ സമാധാനം ഉണ്ടാകണം. അല്ലെങ്കിൽ കഴിഞ്ഞ എട്ടു ദിവസം നേരിട്ടതിനേക്കാളും വലിയ ദുരന്തമാണ് ഇറാനെ കാത്തിരിക്കുന്നത്. വേഗത്തിൽ സമാധാനപോംവഴി ഉണ്ടായില്ലെങ്കിൽ ഇറാനിലെ മറ്റു ലക്ഷ്യങ്ങൾ ആക്രമിക്കേണ്ടിവരും”- ട്രംപ് പറഞ്ഞു.
ഇസ്രയേലിൽ മുൻകരുതൽ
അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുൻകരുതലുകളെടുത്തിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഇസ്രയേലിൽ നിരോധിച്ചു. സ്കൂളുകൾക്ക് അവധി നല്കി. അത്യാവശ്യ സേവന വിഭാഗങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈജ്പിലേക്കു ജോർദാനിലേക്കുമുള്ള റോഡുകൾ അടച്ചിട്ടില്ല.
ഇന്നലത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ സമയം ഞായർ രാവിലെ 5.20: ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
6.26: മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു.
7.13: പ്രസിഡന്റ് ട്രംപും അമേരിക്കയും അങ്ങേയറ്റം ശക്തിയോടെ നടപടികളെടുത്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
7.24: അമേരിക്കൻ ആക്രമണം അപകടകരമായ നീക്കമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ്.
7.30: ഇറാൻ സമാധാനത്തിനു തയാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്.
10.01: ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ അറിയിപ്പ്.
10.30: അമേരിക്കൻ ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
11.17: ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രേലി സേനയുടെ അറിയിപ്പ്.
International
അമേരിക്കൻ വ്യോമസേനയുടെ ബി-2 സ്പിരിറ്റ് എന്ന ബോംബർ വിമാനമാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. അമേരിക്കയിൽനിന്ന് പറന്ന വിമാനം ഇറാനിൽ ബോംബിട്ടു മടങ്ങുകയായിരുന്നു.
ജിബിയു-57 മാസീവ് ഓർഡനൻസ് പെനട്രേറ്റേഴ്സ് എന്നറിയിപ്പെടുന്ന പടുകൂറ്റൻ ബങ്കർ നശീകരണ ബോംബാണ് ഫോർഡോയിൽ ഇട്ടത്. 13,600 കിലോഗ്രാം ഭാരമുള്ള ഈ ബോംബിന് എത്ര കട്ടിയേറിയ കോൺക്രീറ്റ് പ്രതിബന്ധവും തുളച്ച് നാശം വിതയ്ക്കാനാകും. ബി-2 സ്പിരിറ്റ് വിമാനത്തിനു മാത്രമാണ് ഈ ബോംബുകളുമായി പറക്കാൻ ശേഷിയുള്ളത്. ഇത്തരം ആറു ബോംബുകൾ ഫോർഡോയിൽ പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്.
ഇസ്ഫഹാൻ, നതാൻസ് ആണവ പ്ലാന്റുകൾക്ക് നേർക്ക് അമേരിക്കയുടെ ടോമഹ്വാക് ക്രൂസ് മിസൈലുകളാണ് പ്രയോഗിച്ചത്. അന്തർവാഹിനികളിൽനിന്ന് 30 ടോമഹ്വാക്കുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്.
International
റ്റി.സി. മാത്യു
രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. അതിനു ശേഷം അനവധി തവണ മൂന്നാം ലോകയുദ്ധം തുടങ്ങി, തുടങ്ങുന്നു, തുടങ്ങും എന്നെല്ലാമുള്ള മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്. കൊറിയൻ യുദ്ധം മുതൽ ഇപ്പോൾ ഇസ്രയേൽ- ഇറാൻ- അമേരിക്ക യുദ്ധം വരെ. ഭാഗ്യവശാൽ മൂന്നാം ലോകയുദ്ധം ഇതുവരെയും തുടങ്ങിയില്ല.
ഇറാനെ അമേരിക്ക ആക്രമിച്ചാൽ കാര്യങ്ങൾ വലുതാകും, പിടിവിട്ടുപോകും, മറ്റു വൻശക്തികൾ നോക്കിനിൽക്കില്ല എന്നാണ് ഒട്ടേറെപ്പേർ കരുതിയത്. ഇറാനിൽ അമേരിക്ക പന്ത്രണ്ടു പാറതുരപ്പൻ ബോംബുകൾ (ജിബിയു -57 ബങ്കർ ബസ്റ്റർ) വർഷിച്ച് 12 മണിക്കൂർ കഴിഞ്ഞപ്പോൾ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്കോയിലേക്കു പോകുന്നതായി പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുകയാണു ലക്ഷ്യം. അരാഗ്ചി എത്തും മുൻപേ പുടിനുമായി ടെലിഫാേൺ സംഭാഷണത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
റഷ്യയുടേതു പ്രസ്താവന മാത്രം
ഇറാന്റെ അണുബോംബ് നിർമാണ പരിപാടി മുന്നോട്ടു പോകുകതന്നെ ചെയ്യുമെന്നും വേണ്ടിവന്നാൽ ഇറാന് അണ്വായുധങ്ങൾ നൽകാൻ പല രാജ്യങ്ങളും തയാറാകുമെന്നും പുടിന്റെ വിശ്വസ്തനും മുൻ പ്രസിഡന്റുമായ ദിമിത്രി മെഡ്വെഡെവ് എക്സിൽ കുറിച്ചശേഷമാണ് അരാഗ്ചി യാത്രാപരിപാടി പ്രഖ്യാപിച്ചത്. റഷ്യൻ രാജ്യരക്ഷാ സമിതിയുടെ ഡെപ്യൂട്ടി ചെയർമാനാണ് മെഡ്വെഡെവ്. അദ്ദേഹം പറയുന്നതുപോലെ നടക്കും എന്നു കരുതുന്നവരും ഉണ്ട്.
എന്നാൽ ഇസ്രയേൽ ആക്രമിച്ചപ്പോൾ മുതൽ ഇറാനോടു സഹതാപം പ്രകടിപ്പിച്ചു നടത്തിയ പ്രസ്താവനകളെയും ഇസ്രയേലിനെതിരായ വിമർശനങ്ങളെയും കണ്ടതുപോലെ മാത്രം മെഡ്വെഡെവിന്റെ പ്രസ്താവനയെയും കണ്ടാൽ മതി എന്നതാണ് വസ്തുത. അമേരിക്കയ്ക്ക് എതിരേ ഒരു യുദ്ധമുഖം തുറക്കാൻ തക്ക അവസ്ഥയിലല്ല റഷ്യ ഇന്ന്. അമേരിക്കയെ പ്രകോപിപ്പിക്കുന്ന നടപടി യുക്രെയ്നിൽ ഇതുവരെ നേടിയതും ഇനി നേടാനിരിക്കുന്നതും നഷ്ടപ്പെടുത്തും എന്നും പുടിന് അറിയാം. അതനുസരിച്ചുള്ള നീക്കങ്ങളേ മോസ്കോയിൽ നിന്ന് ഉണ്ടാകൂ.
ചൈന ചെയ്യുന്നത്
ഇറാനെ പശ്ചിമേഷ്യയിലെ ഉറ്റമിത്രവും തങ്ങളുടെ ഉറപ്പായ ഇന്ധനസ്രോതസും ഒക്കെയായി നിർത്താൻ ശതകോടിക്കണക്കിനു ഡോളർ മുടക്കിയ വൻശക്തിയാണു ചൈന. പക്ഷേ ഇസ്രയേലിനെതിരേയോ അമേരിക്കയ്ക്ക് എതിരെയോ എന്തെങ്കിലും ചെയ്യാൻ അവർ മുതിരില്ല. തങ്ങളുടെ പരിസരത്തല്ലാതെ അകലെപ്പോയി എന്തെങ്കിലും ശക്തിപ്രകടനം ചൈനയുടെ നയത്തിൽ ഇല്ല. ഇറാനുവേണ്ടി ശബ്ദമുയർത്തുന്നതിനപ്പുറം ഷി ചിൻ പിംഗിന്റെ ചൈന ഒന്നും ചെയ്യുകയില്ല എന്നു വ്യക്തം.
മറ്റു വൻശക്തികൾ ഇറാനുവേണ്ടി ശബദമുയർത്തുന്നതല്ലാതെ ഒന്നും ചെയ്യില്ല എന്ന വിലയിരുത്തൽ ട്രംപിനും ഉണ്ടായിരുന്നിരിക്കും. അല്ലെങ്കിൽ ഈ യുദ്ധത്തിലേക്കു കടന്നു ചെല്ലാൻ അദ്ദേഹം മുതിരുമായിരുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടിയിലെ വലിയൊരു വിഭാഗം പശ്ചിമേഷ്യയിലെ സങ്കീർണമായ യുദ്ധത്തിലേക്ക് കടന്നുകയറരുത് എന്ന നിലപാടിലായിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിലെ യുഎസ് പങ്കാളിത്തത്തിന്റെ കയ്പേറിയ അനുഭവം അവരുടെ നിലപാടിനെ സാധൂകരിച്ചു. അവരെ അനുനയിപ്പിച്ചു കൂടെ നിർത്താൻ ട്രംപ് ഏറെ പണിപ്പെട്ടിട്ടുണ്ട്. ഇതു നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിന്റെ തുടക്കമാകില്ല എന്നു കരുതാൻ തക്ക ന്യായങ്ങൾ അദ്ദേഹവും കണ്ടെത്തിക്കാണും.
ആണവലക്ഷ്യങ്ങൾ നേടുമോ?
എന്നാൽ ഒരു യുദ്ധവും തുടങ്ങുന്നതു നീണ്ട പോരാട്ടം മുന്നിൽ കണ്ടല്ല. എളുപ്പം ശത്രുക്കളെ തുരത്തി കാര്യം സാധിച്ചു മടങ്ങാനാണ് എല്ലാവരും യുദ്ധം തുടങ്ങുന്നത്. ദൗർഭാഗ്യകരം എന്നു പറയട്ടെ യുദ്ധങ്ങൾ നീളും.
നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിലേക്ക് വീഴാതിരിക്കണമെങ്കിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും അടിയന്തര ലക്ഷ്യങ്ങൾ വേഗം നേടിയെടുക്കണം. അത് ഇറാന്റെ അണ്വായുധ നിർമാണശേഷി ഇല്ലാതാക്കുന്നതും ഇറാനിൽ ഭരണമാറ്റം ഉണ്ടാക്കുന്നതുമാണ്. രണ്ടും അത്ര പെട്ടെന്നു സാധിക്കാവുന്നതല്ല.
ഇറാന്റെ അണുബോംബ് നിർമാണയജ്ഞം അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നു പറഞ്ഞാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു 13ന് ആക്രമണം തുടങ്ങിയത്. നതാൻസിലും ഫോർഡോയിലും ഇസ്ഫഹാനിലും ഉള്ള ആണവ ഗവേഷണ കേന്ദ്രങ്ങളും യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളും അണുബോംബിനു വേണ്ട നിലയിലേക്ക് സമ്പുഷ്ടീകരണം നടത്തുന്നവയാണ്. നതാൻസിൽ യുറേനിയം 65 ശതമാനം വരെയും ഫോർഡോയിൽ 90 ശതമാനം വരെയും സമ്പുഷ്ടീകരിക്കാം എന്നാണു റിപ്പോർട്ടുകൾ. വൈദ്യുത നിലയങ്ങൾക്ക് അഞ്ചു ശതമാനം സമ്പുഷ്ടീകരണം മതി. നതാൻസിലെ നിലയത്തിന്റെ ഭൂമിക്കു മുകളിലും ഭൂഗർഭത്തിലുമുള്ള സംവിധാനങ്ങൾ തകർത്തു എന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്ഫഹാനിലും ഗണ്യമായ നാശം വരുത്തി. ഇസ്രയേലിനു പറ്റാത്തത് അമേരിക്ക തകർത്തു കാണും.
ബൂഷേറിലെ ഹെവി വാട്ടർ റിയാക്ടർ കോംപ്ലക്സിലും സമ്പുഷ്ടീകരണം നടക്കുന്നതായി കരുതപ്പെടുന്നു. മറ്റൊരു രഹസ്യകേന്ദ്രംകൂടി സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കാൻ തയാറാക്കുന്നതായി റിപ്പോർട്ടുണ്ട്. അത് ഖൊണ്ടാപിനടുത്ത് അറാകിലുള്ള ഹെവി വാട്ടർ കോംപ്ലക്സ് ആണെന്നു കരുതപ്പെടുന്നു. കഴിഞ്ഞ ദിവസം അതും ഇസ്രേലി ആക്രമണത്തിനിരയായി.
300 അടിയോളം പാറയ്ക്കു താഴെ പണിതിരിക്കുന്ന ഫോർഡോ നിലയം ഇസ്രേലി ആക്രമണത്തിനു വഴങ്ങിയിട്ടില്ല. ബങ്കർ ബസ്റ്റർ എന്നു വിളിക്കുന്ന ജിബിയു 7 അഥവാ മാസീവ് ഓർഡനൻസ് പെനട്രേറ്റർ ബോംബ് വേണം അതിന്. 13.6 ടൺ ഭാരമുള്ള ഇതു പ്രയോഗിക്കാൻ ബി-2 ബോംബർ വിമാനം വേണം. രണ്ടും അമേരിക്കയ്ക്കു മാത്രമേ ഉള്ളൂ. അതാണ് ഇന്നലെ പ്രയോഗിച്ചത്.
അറിവിനെ ഇല്ലാതാക്കാമോ?
ഫോർഡോ തകർത്താലും ഇറാൻ അണ്വായുധ പരിപാടി ഉപേക്ഷിക്കും എന്നു കരുതാൻ നിർവാഹമില്ല. ഇതുവരെ സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി എന്ന് ഇറാൻ ഒരാഴ്ചയായി അവകാശപ്പെടുന്നുണ്ട്. അതു ശരിയാകാനാണു സാധ്യത. ഈ രഹസ്യ കേന്ദ്രം ഇറാനിലാണോ റഷ്യയിലോ ചൈനയിലോ ആണോ എന്നതു മാത്രമേ അറിയാനുള്ളൂ. അത് ഇറാനെ അപകടകാരിയായി നിലനിർത്തും.
അതില്ലെങ്കിൽ തന്നെ ബോംബ് ഉണ്ടാക്കാൻ വേണ്ട ശാസ്ത്ര സാങ്കേതികജ്ഞാനം ഇറാൻ നേടിയിട്ടുണ്ട്. ആ അറിവിനെ ഇല്ലാതാക്കാൻ പറ്റില്ലല്ലോ. ശാസ്ത്രജ്ഞരുടെ മരണവും പ്ലാന്റുകളുടെ തകർച്ചയും ഇനിയൊരു ബോംബ് നിർമാണ പദ്ധതിയെ കുറേ വൈകിക്കും എന്നു മാത്രമേയുള്ളൂ എന്നു ചുരുക്കം.
ചരിത്രം പറയുന്നത്
നെതന്യാഹുവും മറ്റും നശീകരണംകൊണ്ടു ഫലമുണ്ടാകും എന്നു കരുതുന്നു. അതു ഭദ്രമാക്കാനാണ് ഭരണമാറ്റത്തിനായി ശ്രമിക്കുന്നത്. 95 ശതമാനവും ഷിയാ മുസ്ലിംകൾ ആയ ഒൻപതു കോടിയിൽപരം ജനങ്ങളുള്ള ഇറാനിൽ ബോംബ് വേണ്ടെന്നു പറഞ്ഞ് ഭരണം നടത്താൻ ആർക്കെങ്കിലും പറ്റുമോ എന്നതു വേറൊരു വലിയ ചോദ്യമാണ്. കൈയിൽ എത്തുമായിരുന്ന അണ്വായുധം തട്ടിക്കളഞ്ഞ ഇസ്രയേലിന്റെയും അമേരിക്കയുടെയും കൂടെ നിൽക്കുന്ന ഒരു ഭരണകൂടത്തിന് എന്തു സ്വീകാര്യത ലഭിക്കും എന്നതു കണ്ടറിയണം.
മതാധികാരികളെ മാറ്റി പകരം ആരെ കൊണ്ടുവന്നാലും അമേരിക്കൻ പാദസേവക്കാരായേ ഇറാൻ ജനത കാണൂ. 1953ൽ മുഹമ്മദ് മൂസാദേയുടെ ജനകീയ ഭരണകൂടത്തെ അട്ടിമറിച്ചു പഹ്ലവി രാജവംശത്തെ പുനഃപ്രതിഷഠിച്ച അമേരിക്കൻ-ബ്രിട്ടീഷ് നടപടി ഇറാൻ ജനത മറന്നിട്ടില്ല. ലിബിയയും ലബനനും ഇറാക്കുംപോലെ അരാജകത്വത്തിലേക്ക് ഇറാനും വഴുതിവീഴുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ചരിത്രം ആവർത്തിക്കുന്നത് ആദ്യം പ്രഹസനമായും പിന്നീട് ദുരന്തമായും ആണെന്നു പറഞ്ഞതു കാൾ മാർക്സാണ്. ഇറാനിൽ ചിത്രം എങ്ങനെയാണ് ആവർത്തിക്കുക?
ഓഹരി ഇടിയും; എണ്ണയും സ്വർണവും കുതിക്കും
ഇസ്രയേൽ- ഇറാൻ യുദ്ധം വിപുലമായി. അമേരിക്ക അതിൽ പങ്കാളിയായി. ഇനി സാമ്പത്തികരംഗത്ത് എന്തു സംഭവിക്കും?
ഇന്നു വിപണികൾ തുറക്കുമ്പോൾ ഓഹരികൾ ഇടിയുകയും ക്രൂഡ് ഓയിൽ വില കുതിക്കുകയും ചെയ്യും എന്നു വ്യക്തം. ഓഹരിവിപണി കഴിഞ്ഞയാഴ്ച നേടിയ മുന്നേറ്റം മുഴുവൻ നഷ്ടപ്പെടുത്താവുന്ന ഇടിവ് ഉറപ്പാണ്. ക്രൂഡ് ഓയിൽ വിലയുടെ ഗതിയാകും ഓഹരികളുടെ ഗതിയെ സ്വാധീനിക്കുക.
ക്രൂഡ് ഓയിൽ വില കഴിഞ്ഞ ദിവസം ബാരലിന് 78.85 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ന് അതു 90 ഡോളറിനു മുകളിൽ എത്താം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണടാങ്കർ നീക്കം ഇറാൻ തടയുമെന്നു പലരും കരുതുന്നുണ്ട്. പക്ഷേ, അതുവഴി ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കൊണ്ടുപോകുന്നത് ഇറാന്റെ മിത്ര രാജ്യമായ ചൈനയാണ്. മാത്രമല്ല, ജലപാത അടയ്ക്കൽ അത്ര എളുപ്പമല്ലെന്ന് കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലത്തിനിടെ രണ്ടു മൂന്നു തവണ അതിനു ശ്രമിച്ച ഇറാന് അറിയുകയും ചെയ്യാം. ജലപാത തടയുന്നില്ലെങ്കിൽ എണ്ണവിലയിലെ വർധന പെട്ടെന്നു തന്നെ പിന്നോട്ടു വരും. അല്ലെങ്കിൽ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും യുദ്ധം പടരണം. അതിനു സാധ്യത കുറവാണ്.
യുദ്ധം വലുതായത് സ്വാഭാവികമായി സ്വർണവില കയറ്റും. വെള്ളിയാഴ്ച ഔൺസിന് 3380 ഡോളറിനടുത്തു ക്ലോസ് ചെയ്ത സ്വർണം ഇന്നു രണ്ടു മുതൽ മൂന്നുവരെ ശതമാനം ഉയരും എന്നാണു വിപണിയിലെ നിഗമനം. 3500 ഡോളറിനു മുകളിൽ സ്വർണമെത്തും എന്നാണ് ഇന്നലെ വൈകുന്നേരത്തെ അവധി വ്യാപാരങ്ങൾ കാണിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ഉയരുമ്പോൾ ഡോളറും സ്വിസ് ഫ്രാങ്കും പുതിയ ഉയരങ്ങളിൽ എത്താം. രൂപ-ഡോളർ വിനിമയ നിരക്ക് ഡോളറിന് 88 രൂപയ്ക്കു മുകളിലേക്കു കയറാനുള്ള സാധ്യത വളരെയേറെയാണ്.
Editorial
പർവതനിരകൾ തുരന്നുണ്ടാക്കിയ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ബോംബുകൾ തുരന്നുകയറി. അമേരിക്കയും പങ്കെടുത്തതോടെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ ഗതി മാറിയിരിക്കുകയാണ്. രണ്ടഭിപ്രായമുണ്ട്; സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിൽ അതിക്രമിച്ച് ആക്രമണങ്ങൾ നടത്തിയ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരേയാണ് ഒരു പക്ഷം. അതേസമയം, പാക്കിസ്ഥാനെപ്പോലെ, അഫ്ഗാനിസ്ഥാനെപ്പോലെ, തുർക്കിയെപ്പോലെ...
സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരേ ആഗോള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെക്കൊണ്ടു നിഴൽയുദ്ധം നടത്തിക്കുന്ന ഇറാൻ ആണവശക്തിയാകുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്ന് കരുതുന്നവരുമുണ്ട്. യുദ്ധത്തെയും സമാധാനത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയുംകുറിച്ചുള്ള മിക്ക ചർച്ചകളിലും ഇസ്ലാമിക തീവ്രവാദം മുഖ്യ അജൻഡയാകുന്നത് മുന്നറിയിപ്പാണ്. യുദ്ധം വേണ്ടെന്നും തീവ്രവാദം വേണമെന്നും ഒരേ സ്വരത്തിൽ പറയരുത്.
ഇന്നലെ പുലർച്ചെയാണ്, അമേരിക്കൻ വ്യോമസേന ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ഫോർഡോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവകേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും പൂർണമായും തകർന്നോയെന്നതിൽ കൃത്യമായ വിവരം വരേണ്ടതുണ്ട്.
ഇറാനിലേക്ക് അമേരിക്കൻ ബോംബർ വിമാനങ്ങൾ പുറപ്പെട്ടത് ഇന്നലെ ദീപികയുടെ പ്രധാന വാർത്തയായിരുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള രണ്ടു ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാവുന്ന എട്ട് കെസി 135 വിമാനങ്ങളുടെ അകന്പടിയോടെ മിസൗറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്.
മലയാളികൾ അതു വായിക്കുന്പോഴേക്കും അമേരിക്ക ദൗത്യം പൂർത്തിയാക്കിയിരുന്നു. വിമാനങ്ങൾ തിരിച്ചെത്തിയെന്നാണ് ട്രംപ് അറിയിച്ചത്. “പശ്ചിമേഷ്യയിലെ ഹിറ്റ്ലർ’’ എന്ന് 2017ലും 2018ലും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ വിശേഷിപ്പിച്ച ആയത്തുള്ള അലി ഖമനയ് ഒളിത്താവളത്തിലാണ്. ഇസ്രയേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ ആവർത്തിച്ചിട്ടുണ്ട്.
ഇസ്രയേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നുമുണ്ട്. അമേരിക്കൻ സൈനികതാവളങ്ങളിൽ ഇറാൻ തിരിച്ചടി നടത്തുകയോ ഹോർമുസ് കടലിടുക്ക് അടച്ച് ലോകവ്യാപാരത്തിന്റെ കടൽമാർഗം തടയുകയോ ചെയ്തേക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഇറാന് സമാധാനമോ ദുരന്തമോ ഏതെങ്കിലും ഒന്നു മാത്രമേ തെരഞ്ഞെടുക്കാനാകൂ എന്നാണ് അമേരിക്കയുടെ ഭീഷണി.
ഇറാൻ സമാധാന ചർച്ചകൾക്ക് വഴങ്ങുമോ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കുമോ എന്നതാണ് ലോകത്തിന്റെ ഉദ്വേഗം. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി അമേരിക്കയ്ക്ക് 19 സൈനികതാവളങ്ങളുണ്ട്. അത്യാധുനിക ആയുധങ്ങള്‍ക്കു പുറമെ 45,000 സൈനികരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബഹ്റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്.
അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ളീറ്റിന്റെ ആസ്ഥാനം ബഹ്റൈനിലായതിനാൽ അവർ അതീവ ജാഗ്രതയിലാണ്. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കിയെന്നും ഭൂമിയിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണ് അമേരിക്ക ചെയ്തതെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.
അമേരിക്കയ്ക്കെതിരേ രൂക്ഷമായ പ്രതികരണം നടത്തിയത് തുർക്കി പ്രസിഡന്റ് രജബ് തയിബ് എർദോഗനാണ്. എല്ലാം തുടങ്ങിയത് ഇസ്രയേലാണെന്നും നെതന്യാഹുവും ഹിറ്റ്ലറും ഒരേ പാതയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം ഇസ്താംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.
2023 ഓക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ-വിദേശ പൗരന്മാരെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്തപ്പോൾ പ്രതികരണമില്ലായിരുന്നു. അതിനടുത്ത മാസങ്ങളിൽ 1.25 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ നാടു കടത്താനും അവരുടെ മാതൃദേശമായ നഗാർണോ-കരാബാക്ക് കയ്യടക്കാനും അസർബൈജാന് എല്ലാ സഹായവും ചെയ്തുകൊടുത്ത “വംശീയപ്രേമി’’യാണ് എർദോഗൻ.
1915-18ൽ 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ, പിന്നീട് ഹിറ്റ്ലർ പോലും മാതൃകയാക്കിയ വംശഹത്യയെ ന്യായീകരിച്ചതും ഇദ്ദേഹമാണ്. പഴയ ഓട്ടോമൻ സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാൻ ഓടിനടക്കുന്ന ഇതേ എർദോഗനാണ് ഹാഗിയ സോഫിയ എന്ന കത്തീഡ്രൽ ഒരുളുപ്പുമില്ലാതെ മോസ്കാക്കിയത്.
പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക ഭീകരർ കഴുത്തറത്തും മതം മാറ്റിയും ആട്ടിയോടിച്ചും ക്രൈസ്തവരെ അവരുടെ ഈറ്റില്ലങ്ങളിൽ ഉന്മൂലനം ചെയ്യുന്നതൊന്നും കാണാത്ത എർദോഗന്റെ കുടിലബുദ്ധിയുള്ളവർ കേരളത്തിലുമുണ്ട്. ഹാഗിയ സോഫിയ പള്ളിയാണോ മസ്ജിദാണോയെന്ന് അവർക്കറിയില്ല.
പക്ഷേ, ബാബറി മസ്ജിദ് എന്താണെന്നു കൃത്യമായറിയാം. നൈജീരിയയിൽ തീവ്രവാദികൾ കൈകൾ പിന്നിലോട്ടു കെട്ടി അടുക്കിക്കിടത്തി വെടിവച്ചുകൊല്ലുന്ന ക്രിസ്ത്യാനികളുടെ പിടച്ചിൽ അവരുടെ മനസ് അലിയിക്കില്ല. ഇക്കൂട്ടരുടെ മനുഷ്യാവകാശങ്ങളും യുദ്ധവിരുദ്ധതയും അന്തർദേശീയ വാർത്തകളും മതം നോക്കിയാണ്.
ഇടയ്ക്കിടെ മതേതരത്വമെന്ന് ഉരുവിട്ട് പൊളിറ്റിക്കൽ ഇസ്ലാമിനു മതേതരത്വകീശയുള്ള ജനാധിപത്യക്കുപ്പായം തുന്നലാണ് പണി. യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന ഭീകരർ അവർക്കു വംശീയവാദികളല്ല; തെമ്മാടികളുമല്ല. പക്ഷേ, തീവ്രവാദത്തിന്റെ ഇരകൾക്ക് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തുർക്കിയും ഇറാനും സിറിയയുമൊക്കെ വംശവെറിയന്മാരായ തെമ്മാടികളാണെന്നു മറക്കേണ്ട.
യുദ്ധം പങ്കെടുക്കുന്നവരുടെ യാഥാർഥ്യമാണ്. പക്ഷേ, സമാധാനം എല്ലാവരുടെയും ആവശ്യമാണെന്നു കരുതി പങ്കെടുക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടതുണ്ട്. ചർച്ചകളുടെ അജണ്ടയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമിക തീവ്രവാദം ആഗോള വിഷയം തന്നെയാണ്. അതുകൊണ്ട്, ഗാസയിൽ ഹമാസിനെയും ലെബനനിൽ ഹിസ്ബുള്ളയെയും യെമനിൽ ഹൂതികളെയും ഇറാക്കിൽ ഷിയ തീവ്രവാദികളെയും തീറ്റിപ്പോറ്റുന്ന ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടതിൽ തലതല്ലിക്കരയാനും പ്രതിഷേധിക്കാനും എല്ലാവർക്കും ബാധ്യതയില്ല.
ശരിയത്ത് നിയമം അനുവദിക്കാതിരുന്ന, ഒരു പരിധിവരെ മതേതരത്വം പാലിച്ചിരുന്ന സദ്ദാം ഹുസൈനെ ആക്രമിച്ചതുപോലെയല്ല, മതഭ്രാന്തനും സ്ത്രീസ്വാതന്ത്ര്യത്തിന്റെ മുഖം മറയ്ക്കുകയും പൗരപ്രതിഷേധങ്ങളെ അടിച്ചമർത്തുകയും തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തി മേഖലയിൽ അരാജകത്വം വളർത്തുകയും ചെയ്യുന്ന, സൗദി രാജകുമാരൻ നവ ഹിറ്റ്ലർ എന്നു വിശേഷിപ്പിച്ച ഖമനയ്.
നമുക്കു യുദ്ധങ്ങൾ വേണ്ട. ഇസ്ലാമിക തീവ്രവാദമൊഴുക്കുന്ന വംശഹത്യകളും വേണ്ട. രണ്ടാമത്തേത് ആകാമെന്നു പറയുന്ന കറുത്ത രാഷ്ട്രീയത്തിന്റെ കള്ളനാണയങ്ങൾ ആരും കൈമാറരുത്; പശ്ചിമേഷ്യയിലായാലും കേരളത്തിലായാലും.
International
ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന വ്യാപാര യുദ്ധങ്ങളെയും നയപരമായ അനിശ്ചിതത്വങ്ങളെയും തുടർന്ന് 2025-ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം ലോകബാങ്ക് ഗണ്യമായി കുറച്ചു. ലോക സമ്പദ്വ്യവസ്ഥ 2.3% മാത്രമാണ് ഈ വർഷം വളരുക എന്ന് ലോകബാങ്ക് പ്രവചിച്ചു. ഇത് 2008-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ്. ഉയർന്ന വ്യാപാര തടസ്സങ്ങൾ ആഗോള വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കുകയും ഉത്പാദനച്ചെലവ് വർദ്ധിപ്പിക്കുകയും നിർണായക നിക്ഷേപങ്ങളെ വൈകിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യു.എസ്., ചൈന, കാനഡ തുടങ്ങിയ പ്രധാന സാമ്പത്തിക ശക്തികൾക്ക് എല്ലാം വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുമെന്നാണ് ലോകബാങ്ക് പ്രവചനം. വർദ്ധിച്ചുവരുന്ന താരിഫുകൾ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര വ്യാപാരത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഈ സാമ്പത്തിക മാന്ദ്യം ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങളെയും ജനങ്ങളുടെ ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ പ്രതിസന്ധി മറികടക്കാൻ രാജ്യങ്ങൾ സഹകരിക്കേണ്ടതിൻ്റെയും വ്യാപാര തടസ്സങ്ങൾ കുറയ്ക്കേണ്ടതിൻ്റെയും ആവശ്യകത ലോകബാങ്ക് ഊന്നിപ്പറയുന്നു. വികസ്വര രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ദാരിദ്ര്യം കുറയ്ക്കാനുമുള്ള ശ്രമങ്ങളെ മന്ദഗതിയിലാക്കുമെന്നും ഇത് മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് പുതിയ ചിന്തകൾക്ക് വഴിവെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.